ചുഴലിക്കൊടുങ്കാറ്റ്: ഭീഷണി നേരിടുന്ന നഗരങ്ങളിൽ ദുബായിയും ദോഹയും
ദുബായും ദോഹയും ഉൾപ്പെടെയുള്ള ഗൾഫ് നഗരങ്ങൾക്ക് ശാസ്ത്രലോകത്തിന്റെ മുന്നറിയിപ്പ്. ഒരു സൂചന പോലും നൽകാതെയെത്തി ആഞ്ഞടിക്കുകയും നിമിഷനേരം കൊണ്ട് കൊടുംനാശം വിതയ്ക്കുകയും ചെയ്യുന്ന തരം ചുഴലിക്കൊടുങ്കാറ്റ് ഗൾഫ് നഗരങ്ങളെയും ലക്ഷ്യം വച്ചെത്തുന്നു. കാലാവസ്ഥാവ്യതിയാനത്തിന്റെ ഫലമായുണ്ടാകുന്ന, ‘ഗ്രേ സ്വാൻ’ എന്ന ഇത്തരം ചുഴലിക്കാറ്റുകൾ അപൂർവങ്ങളിൽ അപൂർവമായാണ് കണക്കാക്കുന്നത്. ഇവ എന്ന്, എപ്പോൾ, എങ്ങനെ വരുമെന്ന് ആർക്കും പ്രവചിക്കാനാകില്ല. അതുകൊണ്ടുതന്നെ മുൻകരുതലുകളോടെ കാത്തിരിക്കുകയേ മാർഗമുള്ളൂ.
പക്ഷേ ലോകമെമ്പാടും ഹരിതഗൃഹവാതകങ്ങൾ പുറത്തുവിടുന്നതിൽ നിലവിലെ സ്ഥിതി തുടരുകയാണെങ്കിൽ ഈ നൂറ്റാണ്ടിന്റെ അവസാനമോ അടുത്ത നൂറ്റാണ്ടിന്റെ ആദ്യമോ ഗ്രേ സ്വാൻ കാറ്റുകൾ വീശിയടിച്ചു തുടങ്ങുമെന്നാണ് ഗവേഷകർ കണ്ടെത്തിയിരിക്കുന്നത്. ഒരുപക്ഷേ അതിനു മുൻപും സംഭവിച്ചേക്കാം. ഇതോടൊപ്പം നിലവിൽ കൊല്ലത്തിലൊരിക്കലോ മറ്റോ ശക്തമായ ചുഴലിക്കാറ്റുകൾ വീശുന്ന പലയിടങ്ങളിലും അത്തരം കാറ്റുകൾ തുടരെത്തുടരെ വീശിയടിച്ചു തുടങ്ങുന്ന സ്ഥിതായാകുമെന്നും ഗവേഷകർ മുന്നറിയിപ്പു നൽകുന്നു.
പേർഷ്യൻ ഗൾഫ് സമുദ്രതീരത്തുള്ള ദുബായ്, ദോഹ നഗരങ്ങൾ ആദ്യമായി ഒരു ചുഴലിക്കാറ്റ്, അതും ഏറ്റവും ശക്തമായത്, ആഞ്ഞുവീശാൻ സാധ്യതയുള്ള മേഖലയിലാണ്. ട്രോപ്പിക്കൽ സൈക്ലോണുകളുമായി സാമ്യമുള്ള ഗ്രേ സ്വാനിനാണ് ദുബായിൽ സാധ്യത. വൻ കൊടുങ്കാറ്റല്ലെങ്കിലും നല്ല രീതിയിൽ നാശനഷ്ടമുണ്ടാക്കാൻ ഈ കാറ്റുകൾക്കാകും. ഇവയ്ക്കൊപ്പം വരുന്ന മിന്നലോടു കൂടിയ കനത്ത മഴയാണ് അപകടകാരി. നിലയ്ക്കാതെ മഴ പെയ്യുന്നതോടെ വെള്ളപ്പൊക്കം വഴിയാണ് നാശനഷ്ടത്തിലേറെയുമുണ്ടാവുക. ദുബായിക്ക് ഇന്നത്തെ സാഹചര്യത്തിൽ പേടിക്കാനില്ല. പക്ഷേ ആണവനിലയം ഉൾപ്പെടെയുള്ള നിർണായക നിർമാണ പ്രവർത്തനങ്ങളുടെ സമയത്ത് ഇനി ചുഴലിക്കാറ്റിനെ പ്രതിരോധിക്കേണ്ടുന്ന കാര്യങ്ങളും പരിഗണിച്ചേ മതിയാകൂവെന്ന് ഗ്രേ സ്വാൻ സംബന്ധിച്ച പഠനത്തിൽ പങ്കാളിയായ പ്രിൻസ്ടൺ സർവകലാശാലയിലെ നിങ് ലിൻ എന്ന കാലാവസ്ഥാ വിദഗ്ധ നിർദേശിക്കുന്നു. ദുബായിൽ ഇതുവരെ ചുഴലിക്കാറ്റ് വന്നില്ല, ഇനി വരാനും പോകുന്നില്ല എന്ന നിലപാട് സ്വീകരിക്കരുതെന്നു ചുരുക്കം.
നിലവിലെ ആഗോളതാപനത്തിന്റെ തോതനുസരിച്ച് 1.9 മീറ്റർ ഉയരത്തിൽ സമുദ്ര ജലനിരപ്പുയർത്തുന്ന വിധത്തിലുള്ള കൊടുങ്കാറ്റ് ആയിരം വർഷത്തിനിടെ ഒറ്റത്തതവണയാണ് ദുബായിലുണ്ടാകാൻ സാധ്യത. നാല് മീറ്റർ പൊക്കത്തിൽ ജലനിരപ്പുയർത്താനാകുന്ന ചുഴലിക്കാറ്റ് 10,000 വർഷത്തിലൊരിക്കൽ നടക്കാനും സാധ്യതയുണ്ട്. ഇവ പക്ഷേ എപ്പോൾ വരുമെന്നു മാത്രം മുൻകൂട്ടി കണ്ടെത്താനുമാകില്ല, ഏതുനിമിഷവും പ്രതീക്ഷിക്കാം.
പേർഷ്യൻ ഗൾഫുമായി ബന്ധപ്പെട്ട് ഇതുവരെയുണ്ടായ ഏറ്റവും വലിയ ചുഴലിക്കാറ്റ് 2007ലായിരുന്നു. അന്ന് അറബിക്കടലിൽ രൂപംകൊണ്ട ഗോനു ചുഴലിക്കാറ്റ് ഒമാനിലും ഇറാനിലും ആഞ്ഞടിച്ചപ്പോൾ 78 പേരാണ് മരിച്ചത്. 4.4 ബില്യൺ ഡോളറിന്റെ നാശനഷ്ടങ്ങളുമുണ്ടായി. ആഴം കുറഞ്ഞതും ചൂടേറിയ ജലസാന്നിധ്യവുമുള്ള പേർഷ്യൻ ഗൾഫ് സമുദ്രത്തിലാകട്ടെ ഇന്നേവരെ ചുഴലിക്കാറ്റുകൾ രൂപപ്പെട്ട ചരിത്രവുമില്ല. പക്ഷേ കാറ്റുകളുടെ റെക്കോർഡ് ചെയ്യപ്പെട്ട ചരിത്രവുമായി ഒരു ബന്ധവുമില്ലാത്ത വിധമാണെത്രേ ഗ്രേ സ്വാനുകളുടെ വരവ്. അതുകൊണ്ടു തന്നെയാണ് അവയെ അത്യപൂർവമെന്നു വിശേഷിപ്പിക്കുന്നതും. ഒട്ടും പ്രതീക്ഷിക്കാതെയെത്തുകയും എല്ലാം തകിടം മറിക്കുകയും ചെയ്യുക എന്നതിനുള്ള ഇംഗ്ലിഷ് പ്രയോഗമാണ് ബ്ലാക്ക് സ്വാൻ എന്നത്. ഈ പേരിൽ നിന്ന് പ്രചോദനമുൾക്കൊണ്ടാണ് ഗൾഫിനെ ആക്രമിക്കാൻ സാധ്യതയുള്ള ചുഴലിക്കാറ്റിന് ഗ്രേ സ്വാൻ എന്നു പേരിട്ടതും. ബ്ലാക്ക് സ്വാൻ എന്ന പേരിലും ഒരു കൊടുങ്കാറ്റുണ്ട്. അതാകട്ടെ ഗ്രേ സ്വാനിനേക്കാളും തീവ്രമായിരിക്കും. ഈ രണ്ടുതരം ചുഴലിക്കാറ്റുകളും ഇതുവരെ ഭൂമിയിൽ വീശിയടിച്ചിട്ടില്ല. പക്ഷേ ദശാബ്ദങ്ങളായി കാലാവസ്ഥയിലുണ്ടാകുന്ന വ്യതിയാനങ്ങൾ വിശകലം ചെയ്ത് തയാറാക്കിയ ആയിരക്കണക്കിന് കാലാവസ്ഥാമാതൃകകളുടെ കംപ്യൂട്ടർ പഠനം നടത്തിയാണ് പുതിയ തരം ചുഴലിക്കാറ്റുകളുടെ സാധ്യത ശാസ്ത്രലോകം തിരിച്ചറിഞ്ഞത്.
നിലവിൽ ശക്തമായ സൈക്ലോൺ ഇടയ്ക്കിടെ വീശുന്ന ഫ്ലോറിഡയിലെ ടാംപയിലും ഓസ്ട്രേലിയയിലെ കാൺസിലും ഈ നൂറ്റാണ്ടിൽത്തന്നെ തുടരെത്തുടരെ സൈക്ലോണുകൾ വീശിയടിക്കുന്ന അവസ്ഥയായിത്തീരുമെന്നും ഗവേഷണത്തില് പങ്കുചേർന്ന മാസച്യുസിറ്റ്സ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിലെ കെറി ഇമ്മാന്വൽ പറയുന്നു. 4.6 മീറ്റർ ഉയരത്തിൽ സമുദ്രജലനിരപ്പുയർത്തുന്ന ചുഴലിക്കാറ്റ് ടാംപയിൽ 1000 വർഷത്തിലൊരിക്കൽ ഉണ്ടാകുമെന്നായിരുന്നു കണക്കുകൂട്ടിയിരുന്നത്. പക്ഷേ നിലവിലെ കാലാവസ്ഥാസാഹചര്യത്തിൽ 60 മുതൽ 450 വരെ വർഷത്തിനിടെ എപ്പോൾ വേണമെങ്കിലും അത്തരമൊരു കാറ്റുണ്ടാകാനുള്ള സാധ്യതയുണ്ട്. കണ്ടെത്തലുകളൊന്നും വെറും വീമ്പിളക്കലുകളല്ല. ഐക്യരാഷ്ട്രസഭയുടെ ഇന്റർഗവണ്മെന്റൽ പാനൽ ഓൺ ക്ലൈമറ്റ് ചെയ്ഞ്ചിന്റെ തലപ്പത്തുള്ളവർ തന്നെ ഇതിനോടകം സൂചന നൽകിക്കഴിഞ്ഞു–
ഹരിതഗൃഹവാതകങ്ങൾ ഇവ്വിധത്തിൽ അന്തരീക്ഷത്തിലേക്ക് തള്ളിക്കൊണ്ടിരുന്നാൽ വളരെ മോശമായ രീതിയിൽ അപ്രതീക്ഷിതമായി കാലാവസ്ഥ തിരിച്ചടിക്കും, ഉറപ്പ്...
Comments
Post a Comment