Ryan's Well: How a 6-Year-Old Started Changing the World
---------------- #Ryan's Well: How a 6-Year-Old Started Changing the World -------
ref: https://en.wikipedia.org/wiki/Ryan_Hreljacഇതൊരു കഥയല്ല. കേട്ടു കഴിഞ്ഞാല്‍ ഒരുപക്ഷേ കഥ പോലെ തോന്നാം.
ഒരു കൊച്ചുബാലൻ ഉത്കടമായ ഇച്ഛാശക്തികൊണ്ടും മനസ്സില്‍ നിറഞ്ഞുനിന്ന നന്മകൊണ്ടും വളർത്തിയെടുക്കുകയും ഇന്നും സജീവമായി നിലനില്ക്കുകയും ചെയ്യുന്ന ഒരു മഹാപ്രസ്ഥാനത്തിന്റെ വിജയകഥയാണിത്.
കഴിഞ്ഞ ഏതാനും വർഷങ്ങൾക്കിടയിൽ നാമെല്ലാം പലതരത്തില്‍ തിരക്കുകളില്‍
കുടുങ്ങി ജീവിച്ചുപോകുമ്പോള്‍ ലോകത്തിന്റെ ഒരു മൂലയിലിരുന്ന് റിയാന്‍ തന്റെ ജീവിതത്തോടൊപ്പം കൊണ്ടുനടക്കുന്ന ത്യാഗത്തിന്റെ വിസ്മയകഥ…!
=========
1998 ജനവരി.
കാനഡയിലെ ഒണ്ടാറിയയ്ക്കടുത്ത് കെംപ്റ്റവില്ല ഹോളിക്രോസ് സ്കൂള്‍.
ഒന്നാംക്ലാസ്.
കൊച്ചു റിയാന്‍ കൗതുകത്തോടെ മുൻ സീറ്റിലിരുന്ന് മിസ്‌പ്രെസ്റ്റ് എന്ന ടീച്ചര്‍ പറയുന്ന വാക്കുകള്‍ ശ്രദ്ധിക്കുകയാണ്.
“കുട്ടികളേ…ലോകത്ത് കഷ്ടപ്പാടുകളനുഭവിക്കുന്ന എത്രയെത്ര ആളുകളുണ്ടെന്നറിയാമോ? പ്രത്യേകിച്ച് ആഫ്രിക്കന്‍ രാജ്യങ്ങളില്‍… നമ്മളൊക്കെ എത്ര പണം പലതിനുമായി ചെലവഴിക്കുന്നു. നമ്മുടെ ഒരു സെന്റ് നാണയമുണ്ടെങ്കില്‍ ആഫിക്കയിലെ കുട്ടികള്ക്ക് ഒരു പെൻസിൽ വാങ്ങാം. 25 സെന്റുകൊണ്ട് 175 വിറ്റാമിന്‍ ഗുളികകള്‍, 60 സെന്റു കൊണ്ട് ഒരു കുട്ടിക്കാവശ്യമായ രണ്ടു മാസത്തേക്കുള്ള മരുന്നുകള്‍ എന്നിവ വാങ്ങാം. 70 ഡോളര്‍ ഉണ്ടെങ്കില്‍ ഒരു കിണറുണ്ടാക്കാം”
ടീച്ചറിതു പറയുമ്പോള്‍ റിയാന്റെ കണ്ണുകള്‍ വികസിക്കുന്നുണ്ടായിരുന്നു. അവന്‍റെ മനസ്സില്‍ എന്തൊക്കെയോ ആലോചനകള്‍ ഉണ്ടാകുന്നുണ്ടായിരുന്നു. അവനെന്തൊക്കെയോ ടീച്ചറോടു ചോദിക്കാനുണ്ടായിരുന്നു.
ടീച്ചര്‍ വീണ്ടും തുടര്‍ന്നു :
“കുട്ടികളേ..ലോകത്തില്‍ ഇന്ന് ആളുകള്‍ നേരിടുന്ന ഏറ്റവും വലിയ പ്രശ്‌നം എന്താണെന്നറിയാമോ? അത് ആവശ്യത്തിനു കുടിവെള്ളമില്ലാത്തതാണ്. ആഫ്രിക്കയില്‍ പലയിടങ്ങളിലും വെള്ളം കിട്ടാനേയില്ല. 20 കിലോമീറ്റർ അകലെ വരെ വെള്ളം തിരഞ്ഞുനടക്കണം. കിട്ടിയാൽ തന്നെ ദുർഗന്ധമുള്ള കലങ്ങിയ മലിനജലം. ഈ വെള്ളം കുടിക്കുന്നതുകൊണ്ട് ആളുകള്‍ക്ക് രോഗമുണ്ടാവുന്നു. എത്ര കൊച്ചുകുട്ടികളാണ് അവിടെ നിത്യവും മരണമടയുന്നതെന്നറിയാമോ ?
ടീച്ചറുടെ വിവരണം റിയാന്റെ മനസ്സിനെ ഉലയ്ക്കുന്നതായിരുന്നു. എളുപ്പത്തില്‍ ഉരുകുന്ന ഹൃദയമായിരുന്നു അവന്റേത്.
റിയാന്റെ മനസ്സില്‍ വെള്ളം കിട്ടാതെ കരയുന്ന കുഞ്ഞുങ്ങളുടെ ചിത്രങ്ങള്‍ ഉയർന്നു വന്നു. തന്റെ വീട്ടില്‍ നിത്യവും എത്ര വെള്ളമാണ് ധാരാളിത്തത്തോടെ ചെലവഴിക്കാറുള്ളത് എന്നും അവന്‍ ഓര്ത്തു.
ടാപ്പൊന്നു തിരിച്ചാല്‍ വേണ്ടത്ര വെള്ളം, പിന്നെ കുളിച്ചു തിമർക്കാൻ ചെറിയൊരു സ്വിമ്മിങ് പൂളും.
അച്ഛനും അമ്മയും രണ്ടു സഹോദരന്മാരും ‘റിലേ’ എന്ന പ്രിയപ്പെട്ട വളർത്തു നായയും ഉള്പ്പെട്ട കുടുംബമാണ് അവന്റേത്.
അച്ഛന്‍ മാർക് ഹ്രെൽജാൾക്ക്, പോലീസോഫീസറാണ്. അമ്മ സൂസന്‍ ഹ്രെൽജാൾക്ക് ഗവണ്മെന്റ് കൺസൾട്ടന്റ്. ജോർഡാമന്‍ എന്ന ചേട്ടനും കീഗണ്‍ എന്ന അനിയനും. ഇരുനിലവീട്ടില്‍ എല്ലാ സൗകര്യങ്ങളുമുണ്ട്.
എത്ര വെള്ളമാണ് നിത്യവും എല്ലാവരുംകൂടി പാഴാക്കിക്കളയുന്നത് ? റിയാന്‍ ആലോചിച്ചു.
അവന്‍ ടീച്ചറോട് ചോദിച്ചു:
“എന്താണ് ആഫ്രിക്കയില്‍ വെള്ളം കിട്ടാത്തത്?”
ആഫ്രിക്ക ഉഷ്ണമേഖലാരാജ്യമാണെന്നും ഭൂഗർഭ ജലം കിട്ടണമെങ്കില്‍ അവിടെ ആഴത്തില്‍ കുഴൽക്കിണർ കുഴിക്കണമെന്നും അതിന് വലിയ ചെലവുവരുമെന്നും ടീച്ചര്‍ വിശദീകരിച്ചു. ആഫ്രിക്കയിലെ ജനങ്ങള്‍ ദരിദ്രരായതിനാല്‍ അവര്ക്ക് കിണര്‍ നിർമ്മിക്കാൻ കഴിയില്ലെന്നും ടീച്ചര്‍ പറഞ്ഞു.
റിയാന്റെ കുഞ്ഞുമനസ്സ് വേദനിച്ചു.
വെള്ളം കിട്ടാത്ത ആഫ്രിക്കക്കാർക്ക് എന്തു സഹായമാണ് ചെയ്യാന്‍ പറ്റുക?
സ്‌കൂളിൽ നിന്ന് തിരിച്ചുപോരുമ്പോള്‍ റിയാന്റെ മനസ്സു നിറയെ അതിനെക്കുറിച്ചുള്ള ചിന്തകളായിരുന്നു.
ഒരു കുഴൽക്കിണറിന് 70 ഡോളര്‍ ചെലവ് വരുമെന്നാണ് ടീച്ചര്‍ പറഞ്ഞത്.
അച്ഛനും അമ്മയും വൈകുന്നേരം വീട്ടില്‍ വന്നുകയറുമ്പോള്‍ നേരേ ചെന്ന് റിയാന്‍ ചോദിച്ചു:
“എനിക്ക് 70 ഡോളര്‍ തരുമോ?”
അച്ഛനും അമ്മയും അവന്റെ ചോദ്യം കേട്ട് അദ്ഭുതപ്പെട്ടു. ചോദിച്ച സംഖ്യയുടെ വലിപ്പം അറിയാനുള്ള പ്രായം അവനായിട്ടില്ല. എങ്കിലും കൗതുകം വിടാതെ തന്നെ അവര്‍ ചോദിച്ചു:
‘എന്തിനാണ് നിനക്ക് ഇത്രയും പണം?’
‘ആഫ്രിക്കയില്‍ ഒരു കിണര്‍ കുഴിക്കാനാണ്…!’
റിയാന്റെ ഉറച്ച മറുപടിയാണ്.
‘ങേഹേ! അതു തരക്കേടില്ലല്ലോ…!’
അമ്മ സൂസന്‍ കൊച്ചുമകന്‍ കീഗണെയെടുത്ത് അകത്തേക്ക് കയറി.
രാത്രി ഭക്ഷണത്തിനിരിക്കുമ്പോള്‍ റിയാന്‍ വീണ്ടും 70 ഡോളറിന്റെ ആവശ്യം ഉന്നയിച്ചു. അപ്പോഴാണ് സൂസനും മാർക്കും അവനിത്രയും ഗൗരവത്തിലാണ് ചോദിക്കുന്നതെന്ന് മനസ്സിലാക്കുന്നത്.
മക്കളെ അനുനയത്തില്‍ കൈകാര്യം ചെയ്യാന്‍ ആ അച്ഛനും അമ്മയ്ക്കും മിടുക്കുണ്ടായിരുന്നു. മക്കളെ അവരൊരിക്കലും നിരാശപ്പെടുത്തുകയോ വിഷമിപ്പിക്കുകയോ ചെയ്യാറില്ല. കാര്യങ്ങള്‍ കൃത്യമായി ബോധ്യപ്പെടുത്തിക്കൊടുക്കാനോ പ്രോത്സാഹിപ്പിക്കാനോ അവര്‍ ശ്രദ്ധിച്ചു.
അമ്മ റിയാനോടു പറഞ്ഞു:
’70 ഡോളര്‍ എന്നത് വലിയ സംഖ്യയാണ് മോനേ… അത്രയും തുക ഒറ്റയടിക്ക് നമുക്കെടുക്കാന്‍ കഴിയില്ല.’
അവന്‍ മറുപടി ഒന്നും പറഞ്ഞില്ല.
പക്ഷെ പിറ്റേന്ന് രാവിലെയും അവന്‍ വീണ്ടും അതേ കാര്യം ആവർത്തിച്ചു. അച്ഛനും അമ്മയും പ്രത്യേകിച്ചൊന്നും പ്രതികരിക്കാത്തതു കണ്ടപ്പോള്‍ അവന്റെ കുഞ്ഞുമുഖം വിവർണ്ണമായി.
അവന്‍ പറഞ്ഞു:
‘നിങ്ങള്ക്കത് പറഞ്ഞാല്‍ മനസ്സിലാവില്ല. നല്ല വെള്ളം കിട്ടാത്തതുകൊണ്ട് ആഫ്രിക്കയില്‍ കുട്ടികള്‍ മരിക്കുകയാണ്.’
റിയാന്റെ തൊണ്ടയിടറി. കണ്ണില്‍ വെള്ളം നിറഞ്ഞു.
സൂസന്‍ ഒളികണ്ണിട്ട് മാർക്കിനെ നോക്കി. പതുക്കെ അവനെ ചേർത്തു പിടിച്ച് ചിരിച്ചുകൊണ്ട് പറഞ്ഞു:
‘നീ ഇത്ര സീരിയസ്സായിട്ടാണ് 70 ഡോളറിന്റെ കാര്യം പറഞ്ഞത് അല്ലെ ? എങ്കിലൊരു കാര്യം ചെയ്യാം. നീ എന്തെങ്കിലും വീട്ടുജോലികള്‍ ചെയ്യ്. അതിന് കൂലി തരാം. അങ്ങനെ പണം സമ്പാദിക്ക്. അല്ലാതെ വെറുതെ തരില്ല.’
റിയാന്‍ സന്തോഷത്തോടെ സമ്മതിച്ചു. തുടക്കത്തില്‍ ആവേശം കാണിച്ച് ക്രമേണ താത്പര്യം കുറഞ്ഞ് ഈ കാര്യം അവന്‍ മറന്നുകൊള്ളും എന്നാണ് അച്ഛനും അമ്മയും വിചാരിച്ചത്.
ചില്ലുജനലുകള്‍ തുടച്ചും വീട്ടിനകം വാക്വം ക്ലീനര്‍ ഉപയോഗിച്ച് വൃത്തിയാക്കിയും അവന്‍ ജോലി തുടങ്ങി. ജനല്‍ വൃത്തിയാക്കാന്‍ രണ്ടു ഡോളര്‍, പൊടി തട്ടാന്‍ ഒരു ഡോളര്‍… അച്ഛനും അമ്മയും കൃത്യമായി പ്രതിഫലം നല്കാന്‍ തുടങ്ങി. ഒരു ബിസ്‌കറ്റ് ടിന്നില്‍ കിട്ടിയ പണം മുഴുവന്‍ അവന്‍ നിക്ഷേപിച്ചു.
മഞ്ഞുവീഴ്ചയില്‍ പൊട്ടിവീണ ചെടിക്കമ്പുകള്‍ നീക്കം ചെയ്തും മുറ്റം വൃത്തിയാക്കിയും നിത്യവും രണ്ടു മണിക്കൂര്‍ റിയാന്‍ അധ്വാനിക്കുമ്പോള്‍ പലപ്പോഴും അവന്റെ സഹോദരങ്ങളായ ജോർഡാനും കീഗണും വീഡിയോ ഗെയിമില്‍ മുഴുകിയിരിക്കും.
രണ്ടുമൂന്നു ദിവസങ്ങള്‍ കഴിഞ്ഞു. ഒരു ദിവസം എല്ലാവരും കൂടി സിനിമയ്ക്കു പോവാന്‍ തീരുമാനിച്ചപ്പോള്‍ റിയാന്‍ ഒഴിഞ്ഞുമാറി. അവന്‍ പറഞ്ഞു:
‘എനിക്ക് ഒരുപാട് ജോലിയുണ്ട്, ഞാനില്ല.’
എങ്ങനെയെങ്കിലും 70 ഡോളര്‍ തികയ്ക്കുക എന്നതായിരുന്നു അവന്റെ ലക്ഷ്യം.
അവന്റെ ഈ ഉദ്യമമറിഞ്ഞ മുത്തച്ഛന്‍ ഒരു ജോലി ഏല്പ്പി ച്ചു. കരകൗശലവസ്തുക്കള്‍ നിർമ്മിക്കാനാവശ്യമായ പൈൻമരക്കായകൾ തനിക്ക് എത്തിച്ചുതന്നാല്‍ പത്തു ഡോളര്‍ പ്രതിഫലം തരാം.
സന്തോഷത്തോടെ റിയാന്‍ ആ ചുമതലയുമേറ്റു.
പരീക്ഷയില്‍ മികച്ച മാര്ക്ക് നേടി പ്രോഗ്രസ് കാര്ഡുമായി റിയാന്‍ വന്നപ്പോള്‍ അച്ഛനും അമ്മയും അഞ്ചു ഡോളര്‍ സമ്മാനം കൊടുത്തു. അതുമവൻ നിക്ഷേപത്തിലേക്കു ചേർത്തു. ബിസ്‌കറ്റ് ടിന്‍ നിറഞ്ഞുവരുന്നത് ആഹ്ലാദത്തോടെ അവന്‍ വീക്ഷിച്ചു. ഇടയ്ക്ക് അവന്‍ അതൊന്ന് എണ്ണിനോക്കി. 70 ഡോളര്‍ തികയാന്‍ ഇനിയും…
അവന്‍ കാര്യക്ഷമതയോടെ അധ്വാനിച്ചു. ഒരു തികഞ്ഞ തൊഴിലാളിയെപ്പോലെ നെറ്റിയില്‍ പൊടിഞ്ഞ വിയർപ്പു കണങ്ങള്‍ വടിച്ചുകളയുന്ന കൊച്ചു റിയാനെക്കണ്ട് മാർക്കിന്റെയും സൂസന്റെയും കണ്ണുകള്‍ നിറഞ്ഞു.
നാലു മാസംകൊണ്ട് റിയാന്റെ ബിസ്‌കറ്റ് ടിന്‍ നിറഞ്ഞു. റിയാന്‍ എണ്ണിനോക്കി. 70 ഡോളറും പിന്നെ അല്പ്പം ചില്ലറയും!
ആഫ്രിക്കയില്‍ ഒരു കിണര്‍ കുഴിക്കാനാണ് 70 ഡോളര്‍ റിയാന്‍ സമ്പാദിച്ചത്. എങ്ങനെയാണ് ആ പണം ആഫ്രിക്കയിലെത്തുക? എങ്ങനെ ആ പണംകൊണ്ട് കിണര്‍ നിർമ്മിക്കും ? റിയാന് സംശയമായി. റിയാന്റെ ആകാംക്ഷ അച്ഛനെയും അമ്മയെയും ബാധിച്ചു. അവരും ആലോചിച്ചു. സ്‌കൂളില്‍ അന്വേഷിച്ചപ്പോള്‍ അവർക്കും അതിനെക്കുറിച്ച് ധാരണയില്ല.
അമ്മയുടെ സുഹൃത്താണ് ഒരു വഴി പറഞ്ഞുകൊടുത്തത്. ‘വാട്ടർ ക്യാൻ’ എന്നൊരു സംഘടനയുണ്ട്. ദരിദ്രരാജ്യങ്ങളില്‍ സേവന പ്രവർത്തനങ്ങൾ നടത്തുന്ന ഒരു സംഘടന. അവർ വഴി ശ്രമിക്കാം.
ഒട്ടാവയിലെ വാട്ടർ ക്യാൻ ഓഫീസില്‍ ചെന്ന് അന്വേഷിക്കാന്‍ അവര്‍ തീരുമാനിച്ചു. അമ്മ സൂസനോടൊപ്പം ബിസ്‌കറ്റ് ടിന്നും കൈയില്‍ പിടിച്ച് റിയാനും യാത്രയായി. ഒരു മണിക്കൂറുണ്ട് ഒട്ടാവയിലേക്ക്.
അവിടെ ചെന്നപ്പോള്‍ വാട്ടർക്യാൻ പ്രതിനിധികള്‍ തിരക്കിലാണ്. ഉച്ച കഴിഞ്ഞേ കാണാന്‍ പറ്റൂ എന്നറിഞ്ഞു. അതുവരെ അമ്മയുടെ ഓഫീസില്‍ ഇരിക്കാന്‍ തീരുമാനിച്ചു.
കാത്തിരിപ്പിന്റെ ഇടവേളയിലാണ് ഓഫീസില്‍ ഒരു മൂലയില്‍ നിറഞ്ഞു കിടക്കുന്ന വേസ്റ്റ് ബാസ്‌കറ്റ് റിയാന്‍ കാണുന്നത്. ഏതായാലും വെറുതേയിരിക്കുകയല്ലേ? അതു പുറത്തു കൊണ്ടുപോയി തട്ടിക്കളഞ്ഞ് വൃത്തിയാക്കാമെന്ന് റിയാന്‍ കരുതി. റിയാന്റെ പ്രവൃത്തി കണ്ട് ഓഫീസിലെ മേലുദ്യോഗസ്ഥന്‍ അമ്മയോട് ചോദിച്ചു:
‘നിങ്ങളാണോ കുട്ടിയെ ഈ ശീലങ്ങള്‍ പഠിപ്പിച്ചത്?’
അവന്‍ ജോലി ചെയ്ത് പണം സമ്പാദിക്കുന്നതും അതുകൊണ്ട് ചെയ്യാനുദ്ദേശിക്കുന്ന കാര്യങ്ങളും അമ്മ വിവരിച്ചു. അദ്ദേഹം റിയാനെ അടുത്തുവിളിച്ച് അഭിനന്ദിച്ചു. അഞ്ചു ഡോളര്‍ സമ്മാനം കൊടുത്തു. അതും അവന്‍ ബിസ്‌കറ്റ് ടിന്നിലേക്കിട്ടു.
ഉച്ച കഴിഞ്ഞ് വാട്ടർക്യാൻ ഓഫീസില്‍ എത്തി. നിരാശയുണ്ടാക്കുന്ന വിവരമാണ് കേട്ടത്. ഇത്രയും നാള്‍ അധ്വാനിച്ചു പണം സമ്പാദിച്ചതിന് ഫലം ഉണ്ടാവാന്‍ പോവുന്നു എന്ന് പ്രതീക്ഷിച്ച റിയാനോട് വാട്ടർക്യാൻ ഉദ്യോഗസ്ഥര്‍ പറഞ്ഞു:
‘നീ ചെയ്തത് വലിയൊരു കാര്യംതന്നെ. പക്ഷേ… 70 ഡോളർ കൊണ്ട് കിണറിന്റെ ഒരു ഹാന്റ് പമ്പിനു മാത്രമേ തികയൂ. ഒരു കുഴൽക്കിണർ നിര്മിക്കണമെങ്കില്‍ ചുരുങ്ങിയത് 2000 ഡോളര്‍ എങ്കിലും വേണം. ഒരു കൊച്ചുകുട്ടിയെക്കൊണ്ട് അതിനു കഴിയില്ല!’
റിയാന്‍ പറഞ്ഞു
‘സാരമില്ല. ഞാന്‍ ഇനിയും ജോലി ചെയ്യാം. കുറച്ചുകൂടി സമയം എടുക്കും എന്നല്ലേയുള്ളൂ.’
തിരിച്ചു മടങ്ങുമ്പോള്‍ ബിസ്‌കറ്റ് ടിന്ന് മടിയില്‍ വെച്ച് റിയാന്‍ ആലോചനയില്‍ മുഴുകി. സൂസനും ആലോചനയിലായിരുന്നു. മടുപ്പു വന്ന് റിയാന്‍ ആഗ്രഹം ഉപേക്ഷിച്ചുകൊള്ളും എന്നവര്‍ കരുതി. എന്നാല്‍ 2000 ഡോളര്‍ എങ്ങനെ ഉണ്ടാക്കും എന്ന ചിന്തയിലായിരുന്നു റിയാന്‍.
റിയാന്റെ മോഹം എത്തിപ്പെടാനാവാത്തത്ര അകലത്തിലായല്ലോ എന്നോർത്ത് മാർക്കും സൂസനും വിഷമിച്ചു.
റിയാന്‍ നിഷ്‌കളങ്കമായി പതിവുജോലികള്‍ മടുപ്പുകൂടാതെ ചെയ്തുകൊണ്ടിരുന്നു.
‘റിയാന്‍ നിരാശപ്പെട്ട് പിന്മാറുമോ?’
മാർക്ക് ഒരിക്കല്‍ സൂസനോട് ചോദിച്ചു. സൂസന്‍ പറഞ്ഞു:
‘തിരിച്ചുപോരാന്‍ കഴിയാത്തവിധം റിയാന്‍ മുന്നേറിക്കഴിഞ്ഞു. അവന്‍ നമ്മെ അതിശയിപ്പിക്കും, തീർച്ച.
ആയിടെയാണ് സൂസന്‍, ആഫ്രിക്കയിലെ കിണർ നിർമ്മാണത്തിനായി 2000 ഡോളര്‍ തികയ്ക്കാൻ റിയാന്‍ നടത്തുന്ന പ്രവർത്തനങ്ങളെക്കുറിച്ച് ഒരു ബന്ധുവിന് ഇ-മെയില്‍ അയച്ചത്. അയാളൊരു ജേണലിസ്റ്റായിരുന്നു. ഒരു പ്രാദേശിക പത്രത്തില്‍ ഇതേക്കുറിച്ച് അദ്ദേഹം വാർത്ത നൽകി.
‘പരിവർത്തനം സൃഷ്ടിക്കാന്‍ റിയാന്റെ കിണര്‍’
ഈ തലക്കെട്ടില്‍ വാർത്ത പ്രസിദ്ധീകരിച്ചു.
വാര്ത്തകയ്ക്ക് നല്ല പ്രതികരണമുണ്ടായി. റിയാന്റെ സ്വപ്‌നം സാക്ഷാത്ക്കരിക്കാന്‍ പിന്തുകണയുമായി നിരവധി പേര്‍ മുന്നോട്ടു വന്നു. തൊണ്ണൂറു കഴിഞ്ഞ മാർഗ്ഗരറ്റ് മുത്തശ്ശി 25 ഡോളറിന്റെ ചെക്ക് റിയാന് അയച്ചുകൊടുത്തു. അതായിരുന്നു ആദ്യത്തെ സംഭാവന. തുടർന്ന് സംഭാവനകളുടെയും പിന്തുണകളുടെയും പ്രവാഹമായിരുന്നു.
ചെക്ക് എങ്ങനെയാണ് പണമാക്കി മാറ്റുന്നത് എന്നറിയാനുള്ള പ്രായംപോലും റിയാന് ആയിട്ടില്ല. എങ്കിലും ആ ഏഴുവയസ്സുകാരന്റെ വിലാസത്തില്‍, വാർത്ത വായിച്ച് നിരവധി കത്തുകളും ചെക്കുകളും വന്നു.
പത്രവാർത്തക്ക് പിറകേ ടി വി ചാനലിലും റിയാനെക്കുറിച്ച് വാർത്ത വന്നു.
റിയാന്റെ കിണര്‍ എന്ന സ്വപ്‌നത്തിനു പിന്തുണ വ്യാപിക്കുകയായിരുന്നു.
ടിവി വാർത്ത കണ്ട് അഞ്ചുവയസ്സുള്ള മെയിലര്‍ എന്ന ബാലന്‍ അമ്മയോടു പറഞ്ഞു:
‘ഞാനും എന്തെങ്കിലും ജോലി ചെയ്യുകയാണ്. എനിക്ക് റിയാനെ സഹായിക്കണം!’
ടിവി വാർത്ത പലരെയും സ്വാധീനിച്ചു. കിഴക്കന്‍ ഒണ്ടാറിയോവിലെ കുഴൽക്കിണർ കമ്പനിയുടമ വാള്ട്ടര്‍ വാർത്ത കണ്ട ഉടനെ റിയാന്റെ വീട്ടിലേക്ക് ഫോണ്‍ ചെയ്തു.
‘കുടുംബസമേതം കമ്പനിയിലേക്ക് വരിക. ഞാനും സഹായിക്കാം.’
വാള്ട്ടർ പറഞ്ഞു.
റിയാന്‍ കുടുംബത്തോടൊപ്പം വാള്ട്ടറിന്റെ ക്ഷണം സ്വീകരിച്ച് കമ്പനി സന്ദർശിച്ചു. വാള്ട്ടര്‍ റിയാനെ കൊണ്ടുനടന്ന് കമ്പനിയിലെ യന്ത്രങ്ങളെല്ലാം പരിചയപ്പെടുത്തി. അവര്‍ രണ്ടുപേരും പെട്ടെന്ന് സുഹൃത്തുക്കളായി.
’60 വയസ്സിന്റെ വ്യത്യാസമുണ്ട് ഞങ്ങള്‍ തമ്മില്‍. എന്നിട്ടും എത്ര പെട്ടെന്നാണ് ഞങ്ങള്‍ കൂട്ടുകാരായത്!’
വാള്ട്ടര്‍ പറഞ്ഞു.
അദ്ദേഹം നല്ലൊരു തുക ചെക്കായി നല്കി. വാള്ട്ടര്‍ കമ്പനി ഈ സംഭാവന നല്കിയത് പത്രവാർത്തയായി.
അതെ! റിയാന്റെ ശ്രമങ്ങളുടെ കൊച്ചുവലയങ്ങള്‍ അവനറിയാതെ വിപുലമാവുകയായിരുന്നു.
ആഫ്രിക്കയില്‍ കുടിവെള്ളം ലഭ്യമാക്കാന്‍ കുഴൽക്കിണർ നിർമ്മിക്കാൻ ഒരു ബാലന്‍ നടത്തുന്ന പരിശ്രമത്തിന്റെ കഥകള്‍ നാടെങ്ങും പരക്കുകയാണ്. ഏഴുവയസ്സുകാരന്‍ റിയാനെ പല സംഘടനകളും പരിപാടികള്ക്ക് ക്ഷണിച്ചുതുടങ്ങി. സ്‌കൂളിലെ നാണംകുണുങ്ങിയായ കുട്ടി വലിയ ആളുകള്ക്കു മുമ്പില്‍ സങ്കോചമില്ലാതെ സംസാരിക്കുന്നത് ടിവി വാര്ത്തകളില്‍ കണ്ട അദ്ധ്യാപകരും സഹപാഠികളും അത്ഭുതപ്പെട്ടു.
ഗ്രാമങ്ങളില്‍ ചെന്ന് ലോകത്തിന്റെ പല ഭാഗങ്ങളിലും കുടിവെള്ളമില്ലാതെ കഷ്ടപ്പെടുന്ന ആളുകളെക്കുറിച്ച് റിയാന്‍ വിവരിച്ചു. അവരെ സഹായിക്കേണ്ടതിന്റെ ആവശ്യകത പറഞ്ഞു മനസ്സിലാക്കി. സ്‌കൂളുകളിലും പള്ളികളിലും ക്ലബ്ബുകളിലും…. എല്ലായിടത്തും റിയാന്‍ തന്റെ സന്ദേശവുമായെത്തി.
മാസങ്ങള്ക്കു ള്ളില്‍ 2000 ഡോളര്‍ റിയാന്‍ സമാഹരിച്ചു. വാട്ടര്‍ക്യാൻ എന്ന സ്ഥാപനത്തെ അവര്‍ വീണ്ടും സമീപിച്ചു.
ആഫ്രിക്കൻ രാജ്യങ്ങളില്‍ സേവന പ്രവർത്തനങ്ങൾക്ക് നേതൃത്വം നല്കുന്ന ഒരു സംഘടനയുണ്ട്- (CFAR) കനേഡിയന്‍ ഫിസിഷ്യൻസ് ഫോര്‍ എയ്ഡ് ആന്ഡ് റിലീഫ്. ഈ സംഘടനവഴിയാണ് വാട്ടർക്യാൻ കിണർ നിർമ്മാണവും അനുബന്ധ പ്രവര്‍ത്തനങ്ങളും നടത്തിക്കൊണ്ടിരിക്കുന്നത്. ആഫ്രിക്കൻ രാജ്യമായ ഉഗാണ്ടയിലെ ഈ സംഘടനയുടെ പ്രതിനിധി ഗിസ്സോ ഷിബ്രു എന്നയാളെ വാട്ടർക്യാൻകാർ റിയാനു പരിചയപ്പെടുത്തിക്കൊടുത്തു. കുഴൽക്കിണർ നിർമ്മിക്കുന്ന കാര്യങ്ങള്‍ ഷിബ്രുവുമായി ചര്ച്ച്ചെയ്യുമ്പോള്‍ റിയാന്‍ ചോദിച്ചു:
‘ഈ കുഴൽക്കിണർ ഒരു സ്‌കൂളിനടുത്ത് കുഴിക്കാമോ? അങ്ങനെയാണെങ്കില്‍ കുട്ടികള്ക്ക് വെള്ളം കുടിക്കാമല്ലോ.’
റിയാന്റെ നിഷ്‌കളങ്കമായ ഈ ആവശ്യം ഷിബ്രു അംഗീകരിച്ചു. മാപ്പ് നിവര്ത്തി ഷിബ്രു കാണിച്ചുകൊടുത്തു.
‘ദാ… ഇവിടെ വടക്കന്‍ ഉഗാണ്ടയിലെ അഗവിയോയിലെ അംഗോളോ പ്രൈമറി സ്‌കൂളിനടുത്തായിരിക്കും നിന്റെ കുഴൽക്കിണർ’
റിയാന്റെ മുഖം സന്തോഷംകൊണ്ട് തുടുത്തു. അംഗോളോ പ്രൈമറി സ്‌കൂളിലെ കുട്ടികള്‍ നിരനിരയായി കുഴൽക്കിണറിൽ നിന്ന് വെള്ളം കുടിക്കുന്ന രംഗം റിയാന്‍ മനസ്സില്‍ കണ്ടു.
‘എത്ര ദിവസംകൊണ്ട് അംഗോളോ സ്‌കൂളിലെ കുട്ടികള്ക്ക് വെള്ളം കിട്ടും?’
റിയാന് ആകാംക്ഷ തടുക്കാന്‍ കഴിഞ്ഞില്ല.
ഷിബ്രു പറഞ്ഞു:
‘റിയാന്‍… അതാണ് പ്രശ്‌നം! ഭൂമി തുരന്ന് കുഴല്ക്കിസണര്‍ നിർമ്മിക്കാൻ ഏറെ പണിയുണ്ട്. 20 ഓളം ആളുകള്‍ വളരെ ഏറെ കഷ്ടപ്പെട്ടാലും പതുക്കെ മാത്രമേ കിണർ നിർമ്മാണം നടക്കൂ. മാസങ്ങള്‍ പിടിക്കും. അതല്ലെങ്കില്‍ വലിയ ട്രക്കുകളില്‍ ഘടിപ്പിക്കുന്ന പുതിയതരം ഡ്രില്ലിങ് യന്ത്രങ്ങള്‍ വേണം. എങ്കില്‍ സംഗതി എളുപ്പമാവും. അത് നമ്മുടെ കൈയിലില്ല!’
‘അതിനെത്ര വരും?’
ആത്മവിശ്വാസത്തോടെയാണ് റിയാന്‍ ചോദിച്ചത്. എത്രയായാലും താനത് ഉണ്ടാക്കും എന്ന ഉറച്ച വിശ്വാസം അവന്റെ വാക്കുകളിലുണ്ടായിരുന്നു.
‘25000 ഡോളര്‍ വരും!’
ഷിബ്രു പറഞ്ഞുതീരും മുമ്പേ റിയാന്‍ പറഞ്ഞു:
‘ഞാനത് ഉണ്ടാക്കാം.’
റിയാന്റെ അച്ഛനും അമ്മയും അമ്പരന്നു! 25000 ഡോളര്‍! 2000 ഡോളര്‍ സമാഹരിക്കാൻ തന്നെ എത്ര പാടുപെട്ടതാണ്.അതൊന്നും ഓര്ക്കാതെയാണ് റിയാന്‍ താനിത് ഉണ്ടാക്കും എന്ന് പറയുന്നത്!
‘ആഫ്രിക്കയിലെ എല്ലാവർക്കും ശുദ്ധജലം കിട്ടണം! ഞാനതിന് പരിശ്രമിക്കും!’
റിയാന്റെ ഉറച്ച വാക്കുകള്‍ കേട്ടപ്പോള്‍ മാര്ക്കും സൂസനും എതിർത്തൊന്നും പറഞ്ഞില്ല.
വീട്ടിൽ വെച്ച് സൂസന്‍ മാർക്കിനോട് പറഞ്ഞു:
‘ഇന്നുമുതല്‍ നമ്മളും റിയാന്റെ പദ്ധതിക്കുവേണ്ടി പ്രവർത്തിക്കേണ്ടിയിരിക്കുന്നു.’
മാർക്ക് തലകുലുക്കി സമ്മതിച്ചു.
സൂസന്‍ സിറ്റിസണ്‍ പത്രത്തിന്റെ എഡിറ്റര്ക്ക് ഒരു കത്തെഴുതി. റിയാന്റെ പദ്ധതിയെക്കുറിച്ചും അത് വിപുലമായി മാറുന്നതിനെക്കുറിച്ചും വിശദീകരിച്ചു.
കത്തിനു പ്രതികരണമുണ്ടായി. ഫോട്ടോസഹിതം റിയാനെക്കുറിച്ചുള്ള വാർത്ത ആ പത്രത്തില്‍ വന്നു. തുടർന്ന് ‘ഒട്ടാവ ടിവി’യില്‍ റിയാന്റെ അഭിമുഖം സംപ്രേഷണം ചെയ്തു.
റിയാന്റെ പദ്ധതിയുടെ സാക്ഷാത്ക്കാരത്തിനായി പിന്തുണയുടെ പ്രവാഹം വീണ്ടുമുണ്ടായി. ചെറുതും വലുതുമായ തുകകളുടെ ചെക്കുകള്‍ റിയാന്റെ വിലാസത്തില്‍ എത്തി. റിയാന്‍ നന്ദി അറിയിച്ചുകൊണ്ട് അവര്ക്കെല്ലാം കത്തുകളെഴുതി.
റിയാന്റെ രണ്ടാംക്ലാസിലെ സഹപാഠികളും ആ സ്വപ്‌നസാക്ഷാത്ക്കാരത്തെ സഹായിക്കാനായി രംഗത്തെത്തി. ലീന്‍ ദില്ലബാഗ് എന്ന അധ്യാപിക കുട്ടികളുടെ പ്രവര്ത്തരനങ്ങള്ക്കു ചുക്കാൻ പിടിച്ചു.
ലീന്‍ സഹപ്രവര്ത്ത്കരോട് പറഞ്ഞു:
‘മറ്റുള്ളവര്ക്ക്ട പ്രചോദനം പകരുന്ന ഈ കൊച്ചുകുട്ടി ഒരു വിസ്മയം തന്നെ!’
ടീച്ചര്‍ രക്ഷിതാക്കളെ വിവരമറിയിച്ചു.
‘ഒരു കൊച്ചുകുട്ടി ഇങ്ങനെയൊക്കെ ചെയ്യുന്നു. എങ്കില്‍ നിങ്ങളുടെ കുട്ടികള്ക്കും ഇങ്ങനെ എല്ലാം പ്രവര്ത്തിചക്കാന്‍ കഴിയും. എല്ലാവരും ശ്രമിച്ചാല്‍ ആഫ്രിക്കയില്‍ ഇനിയും കിണറുകള്‍ ഉണ്ടാക്കാം.’
രക്ഷിതാക്കള്‍ തങ്ങളുടെ പിന്തുണ അറിയിച്ചു.
ക്ലാസിലെ വെള്ളമെടുക്കുന്ന പാത്രം അധ്യാപിക മേശപ്പുറത്തു വെച്ചു. കുട്ടികളെല്ലാം ആ പാത്രത്തില്‍ പണം നിക്ഷേപിച്ചുതുടങ്ങി.
അങ്ങനെ ഒരു ഡ്രില്ലിങ്‌യന്ത്രം വാങ്ങുകയും ആഫ്രിക്കന്മ്ണ്ണില്‍ കുഴല്കിത ണര്‍ നിര്മിക്കുകയും ചെയ്യുക എന്ന റിയാന്റെ സ്വപ്‌നം പൂര്ത്തീ്കരണത്തിന്റെ വക്കില്‍ എത്തിനിന്നു.
===============
ജൂലായ് 27, 2000
വടക്കേ ഉഗാണ്ടയിലെ അംഗോളോഗ്രാമം ഉത്സവാന്തരീക്ഷത്തില്‍. അംഗോളോ പ്രൈമറി സ്‌കൂളിലേക്കുള്ള വഴികള്‍ തോരണങ്ങള്കൊാണ്ട് അലങ്കരിച്ചിരിക്കുന്നു. റോഡിന്റെ ഇരുവശങ്ങളില്‍ കുട്ടികളും വിവിധപ്രായക്കാരായ ഗ്രാമീണരും നിരന്നുനില്ക്കുന്നു.
പ്രഭാതമാണെങ്കിലും വെയിലിനു ചൂടുണ്ട്.
ഒരു ഗ്രാമം കാത്തിരുന്ന മഹത്തായ ചടങ്ങ് നടക്കുകയാണ്. അവര്ക്ക് ഏറ്റവും വിലപ്പെട്ട സമ്പത്തായ കുടിവെള്ളം ലഭ്യമാക്കുന്ന കുഴല്ക്കി്ണറിന്റെ ഔപചാരികമായ ഉദ്ഘാടനമാണ് ആ ചടങ്ങ്. ഉദ്ഘാടകന്‍ അവര്ക്ക് അമൂല്യമായ ആ സമ്മാനം നല്കിയ കാനഡയിലെ റിയാന്‍ എന്ന കൊച്ചുമിടുക്കന്‍!
അതാ വരുന്നു അതിഥി! ഒരു ജീപ്പില്‍. കാക്കിനിക്കറും ഓറഞ്ചു നിറമുള്ള ബനിയനുമിട്ട് വെളുത്തുമെലിഞ്ഞ റിയാന്‍!
രക്ഷിതാക്കളുടെ കൂടെയിരിക്കുന്ന അതിഥിയെ കണ്ടപ്പോള്‍ റോഡിനിരുവശവും നില്ക്കുന്ന ആളുകള്‍ കൈവീശി ആര്ത്തു വിളിച്ചു.
‘റിയാന്‍…റിയാന്‍!’
ജീപ്പിലിരുന്ന് ആഹ്ലാദത്തോടെ കൈവീശുമ്പോള്‍ റിയാന്‍ അച്ഛനോടും അമ്മയോടും അതിശയത്തോടെ പറഞ്ഞു:
‘അവര്ക്കെ ല്ലാം എന്റെ പേരറിയാം!’
‘ഇവര്ക്കു മാത്രമല്ല. ഇവിടെ ഒരു 100 കിലോമീറ്റര്‍ ചുറ്റളവിലുള്ള എല്ലാവര്ക്കും നിന്റെ പേരറിയാം.’
കൂടെ ജീപ്പിലുണ്ടായിരുന്ന ഉദ്യോഗസ്ഥന്‍ ഷിബ്രു പറഞ്ഞു.
സ്‌കൂള്‍ കോമ്പൗണ്ടിലേക്ക് ജീപ്പ് പ്രവേശിക്കുമ്പോള്‍ അകലേനിന്നുതന്നെ അവര്‍ അതു കണ്ടു! പൂക്കള്കൊണ്ട് അലങ്കൃതമായ കുഴല്ക്കി ണര്‍! അതിന്റെ ഉയരത്തിലുള്ള പ്ലാറ്റ്‌ഫോമിന്റെ കോണ്ക്രീ റ്റ് തറയില്‍ ഇംഗ്ലീഷില്‍ കൊത്തിവെച്ചത് അവര്‍ വായിച്ചു:
formed by Ryan Hreljac
For community of Angolo primary School
(റിയാന്റെ കിണര്‍, അംഗോളോ പ്രൈമറി സ്‌കൂള്‍ സമൂഹത്തിനുവേണ്ടി റിയാന്‍ ഹ്രെല്ജാുക് നിര്മിിച്ചത്.)
കൈയടിച്ച് ആര്ത്തു വിളിക്കുന്ന ആള്ക്കൂപട്ടത്തിനു നടുവിലേക്ക് റിയാനും സംഘവും ഇറങ്ങി. ഒരു രാജകുമാരനെ വരവേല്ക്കുംവിധം മകനെ ആളുകള്‍ സ്വീകരിക്കുന്നതു കണ്ട് അമ്മ സൂസന്റെ കവിളിലൂടെ കണ്ണീരൊഴുകി.
=============
റിയാന്‍ ഹ്രെല്‍ജാക്ക് അവിടെ നിര്‍ത്തിയില്ല. ലോകമെങ്ങും അവന്‍ പ്രചോദനമായി. റിയാന്‍ വെല്‍ ഫൗണ്ടേഷന്‍ എന്നൊരു സംഘടന രൂപീകരിക്കപ്പെട്ടു. അവരിതുവരെ കുഴിച്ചത് എഴുന്നൂറിലധികം കിണറുകള്‍. ആഫ്രിക്കയിലെയും ഹെയ്തിയിലെയും ഏഴരലക്ഷംപേര്‍ക്ക് കുടിവെള്ളം ലഭ്യമാക്കാന്‍ ഇതുമൂലം സാധിച്ചു.
റിയാന്റെ ഈ ജീവിതകഥ കുട്ടികളെ മാത്രമല്ല, ഏതു പ്രായക്കാരെയും കുറെക്കൂടി നല്ലവരാക്കി മാറ്റാന്‍ സഹായിക്കും.
എല്ലാ കാലുഷ്യങ്ങള്ക്കി്ടയിലും മനുഷ്യത്വത്തിന്റെ ഈ മനോജ്ഞ ഗീതത്തിന് ഇത്തിരി ചെവികൊടുക്കുക. തീര്ച്ചായായും നമ്മുടെ മനസ്സില്‍ നന്മയും വിശ്രാന്തിയും സ്‌നേഹവുമെല്ലാം നിറഞ്ഞുവരും. ഭൂഗോളം ഇത്തിരിക്കൂടി ജീവിക്കാന്‍ കൊള്ളാവുന്ന ഇടമായിത്തീരും, തീർച്ച.
Comments
Post a Comment