വിവാഹ ബന്ധത്തിലെ ബലാത്സംഗം രാജ്യത്ത് കുറ്റകരമാക്കാന്‍ ആകില്ലെന്ന് കേന്ദ്രസര്‍ക്കാര്‍


വിവാഹ ബന്ധത്തിലെ ബലാത്സംഗം രാജ്യത്ത് കുറ്റകരമാക്കാന്‍ ആകില്ലെന്ന് കേന്ദ്രസര്‍ക്കാര്‍. വിവാഹ വ്യവസ്ഥയെ തന്നെ ഇത് ശിഥിലമാക്കും. ഇക്കാര്യത്തില്‍ പാശ്ചാത്യ രാജ്യങ്ങളുടെ തീരുമാനത്തെ അതേപടി പിന്തുടരാന്‍ കഴിയില്ലെന്നും കേന്ദ്ര സര്‍ക്കാര്‍ ദില്ലി ഹൈക്കോടതിയെ അറിയിച്ചു.

വിവാഹ ബന്ധത്തിലെ ബലാത്സംഗം കുറ്റകരമാക്കണമെന്ന് ആവശ്യപ്പെട്ട് അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷനും ആര്‍ഐടി ഫൗണ്ടേഷനും നല്‍കിയ ഹര്‍ജികളിലാണ് കേന്ദ്ര സര്‍ക്കാര്‍ ദില്ലി ഹൈക്കോടതിയെ നിലപാടറിയിച്ചത്. ഭാര്യയുടെ സമ്മതമില്ലാതെ ഭര്‍ത്താവ് ലൈംഗിക ബന്ധത്തിന് ശ്രമിക്കുകയാണെങ്കില്‍ അത് ബലാത്സംഗമായി പരിഗണിക്കാന്‍ ഇന്ത്യന്‍ ശിക്ഷ നിയമത്തിലെ 375, 376 വകുപ്പുകളില്‍ വ്യക്തത വരുത്തണമെന്നുമാണ് ഹര്‍ജിക്കാരുടെ ആവശ്യം. എന്നാല്‍ വിവാഹ ബന്ധത്തിലെ ബലാത്സംഗം കുറ്റകരമാക്കുന്നത് ദൂരവ്യാപക പ്രത്യാഘാതം ഉണ്ടാക്കുമെന്ന് കോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തില്‍ കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കി.


ഗാര്‍ഹിക പീഡന പരാതികള്‍ ബലാത്സംഗമായി ആരോപിച്ച് വ്യാജ പരാതികള്‍ പ്രവഹിക്കാം. ഇത് നിയമ വ്യവസ്ഥയുടെ വ്യാപക ദുരുപയോഗത്തിനു കാരണമാകും. നിരക്ഷരത, സ്ത്രീകളിലെ സാമ്പത്തികമായ പിന്നാക്കാവസ്ഥ, സമൂഹത്തിന്റെ മനോഭാവം, വൈവിധ്യം, ദാരിദ്ര്യം തുടങ്ങിയ നിരവധി പ്രശ്‌നങ്ങള്‍ നിലനില്‍ക്കുന്ന രാജ്യത്ത് വിവാഹ ബന്ധത്തിലെ ബലാത്സംഗം കുറ്റകരമാക്കുന്നത് ഗുണകരമാകില്ല. ബലാത്സംഗം ആരോപിക്കപ്പെട്ടാല്‍ അത് എങ്ങനെ തെളിയിക്കാന്‍ കഴിയും. ഭര്‍ത്താവിന്റെ ലൈംഗികമായ എല്ലാ കൃത്യങ്ങളും ബലാത്സംഗമായി വ്യാഖ്യാനിക്കാം എന്നിരിക്കെ അതിനെ എന്ത് മാനദണ്ഡത്തിന്റെ അടിസ്ഥാനത്തില്‍ വേര്‍തിരിക്കാന്‍ കഴിയും. നിയമ കമ്മീഷനും പാര്‍ലമെന്ററി സമിതിയും വിവാഹ ബന്ധത്തിലെ ബാലാത്സംഗം കുറ്റകരമാക്കേണ്ടതില്ല എന്ന് അഭിപ്രായപെട്ടതായും കേന്ദ്രം സത്യവാങ്ങ്മൂലത്തില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

പൊതു ചര്‍ച്ചകളിലൂടെ മാത്രമേ ഇക്കാര്യത്തില്‍ തീരുമാനം എടുക്കാവൂ എന്നാണ് ക്രിമിനല്‍ നിയമ ഭേദഗതി റിപ്പോര്‍ട്ട് തയ്യാറാക്കിയ ജസ്റ്റിസ് വര്‍മ്മ കമ്മീഷന്‍ നിലപാടെടുത്തത്. എല്ലാ സംസ്ഥാങ്ങളുടെയും അഭിപ്രായം തേടിയ ശേഷമേ ഹൈക്കോടതി അന്തിമ തീരുമാനം എടുക്കാവൂ എന്നും കേന്ദ്രം ആവശ്യപ്പെട്ടു.

Comments

Popular posts from this blog

Writing Systems Of The World

International Phonetic Alphabet

Navicat Cloud